Tuesday, March 30, 2010

ഓര്‍മ്മ-പുലാമന്തോള്‍ സംഗമം


രണ്ടായിരത്തിപ്പത്ത് മാര്‍ച്ച്
ഇരുപത്തേഴ് രാത്രിയും ഇരുപത്തെട്ടാം തീയ്യതി പകലുമായി പുലാമന്തോള്‍ സൈലന്റ് വാലി റിസോര്‍ട്ടില്‍ തേര്‍ട്ടി ഫിഫ്‌ത്ത് ബാച്ചിന്റെ കൂടിച്ചേരല്‍ നടന്നു.

























































പങ്കെടുക്കുമെന്നറിയിച്ച ഇരുപത്തൊന്നു കുടുംബങ്ങളില്‍ ഒന്ന് ഒഴിവായെങ്കിലും മറ്റു മൂന്നെണ്ണം കൂടുതല്‍ വന്നു.

തലേന്നു, വയനാട്‌ നിന്നും കണ്ണൂരു പോയതു കാരണം പുലാമന്തോളില്‍ ഞങ്ങളെത്തിയപ്പോഴേയ്ക്കും കുളക്കടവിലെ തമാശകള്‍ കഴിഞ്ഞു പോയിരുന്നു. ഗൗതമിന്റെ ഡ്രൈവറെന്ന നിലയില്‍ യാത്ര സുഖകരവും സുരക്ഷിതവുമാക്കുകയെന്നത് ഒരുപാട് ഉത്തരവാദിത്തം നിറഞ്ഞ ജോലിയാണല്ലോ.

നീന്തല്‍ മത്സരങ്ങളും ചാട്ടവുമൊക്കെ കഴിഞ്ഞ്‌ തളര്‍ന്നു പോയെങ്കിലും കരോക്കെ ഗാനമേളയിലെ അവസാനത്തെ പാട്ടിനുമൊത്തും നൃത്തം ചവിട്ടാന്‍ ബാച്ചിലെ ചെറുപ്പക്കാര്‍ തയ്യാറായി. പലര്‍ക്കും യൗവ്വനം തിരികെക്കിട്ടിയ പ്രതീതി. ബാച്ച് ആനിവേഴ്സറിയ്ക്ക് ഓഡിറ്റോറിയത്തില്‍ ആടിത്തിമര്‍ത്തതിന്റെ ഒരോര്‍മ്മ പുതുക്കല്‍. ഒട്ടും തളരാതെ മക്കളും. ജോലിത്തിരക്കു കാരണം അടുത്തു കിട്ടാത്ത മാതാപിതാക്കളെ ഒരു ദിവസം മുഴുവന്‍ കൂടെക്കിട്ടുന്നതിന്റെ ത്രില്ലിലായിരുന്നു കുട്ടികള്‍.

നെയ്‌ച്ചോറും വറുത്തരച്ച നാടന്‍ കോഴിക്കറിയും മീന്‍ പൊള്ളിച്ചതുമൊക്കെയായി സമൃദ്ധമായ അത്താഴം.

റിസോര്‍ട്ടിലെ തോടിനു മുകളിലുള്ള പാലത്തിലിരുന്ന് ഓര്‍മ്മകളയവിറക്കിയ രാത്രി..അരണ്ട രാത്രിയില്‍ കീഴെ വെള്ളിവെളിച്ചം ഒഴുകുന്നതുപോല്‍ സൗഹൃദങ്ങളില്‍ ദീപ്തമായ ഓര്‍മ്മകള്‍...

നെവില്‍ കൊണ്ടുതന്ന റെഡ് വൈന്‍ എടുക്കാന്‍ ഞാന്‍ റൂമില്‍ച്ചെന്നപ്പോഴേക്കും ഡോര്‍ലോക്ക് ജാമായതുകാരണം സമയം കുറച്ചു നഷ്ടമായി. കോറിഡോറിന്റെ മുഴക്കത്തില്‍ അമീറുദ്ദീനുമൊത്ത് മുറിക്കു മുന്നില്‍ ചൗധ്‌വീ കാ ചാന്ദ് : ഒരു ഡ്വുയറ്റ്... അതുകഴിഞ്ഞ് വൈന്‍ കീയ്ക്കു വേണ്ടി കാത്തു നില്‍ക്കുമ്പോഴേക്കും പരിപാടി തീര്‍ന്നുവെന്ന അനൗണ്‍സ്മെന്റ്. തനിച്ചാക്കി പറയാതെ പോയതിനു സുഷമയുടെ പരിഭവവും. എതിര്‍ വശത്തെ മുറിയില്‍ അമൃതയുടെ തീസിസിനു വേണ്ടി കയ്യെഴുത്തുമാസിക തയ്യാറാക്കിക്കൊണ്ട് ചുവന്ന കണ്ണുകളോടെ ടീ.പി, കൂര്‍ക്കം വലിച്ചുകൊണ്ട് വിദ്യാര്‍ത്ഥിനി.

ഒരുപാടു കൈകള്‍ മറിഞ്ഞതുകൊണ്ടാണെന്നു തോന്നുന്നു രാത്രി ഗൗതം അസ്വസ്ഥനായിരുന്നു. യാത്രകളില്‍ ഒരിക്കലും പതിവില്ലാത്ത വിധം ഇടയ്ക്കിടെ ഞെട്ടിയെണീക്കലും കരയലും. അതുകാരണം, വൈകി, ഷറഫുവിന്റെ കോള്‍ വരുമ്പോഴാണ്, ഞങ്ങള്‍ എഴുന്നേറ്റത്. ജയേഷിനു പിന്നിലായി പൂളില്‍ ചെന്ന് ഒരു റൗണ്ട് നീന്തി വന്ന് ബ്രേക്ക് ഫാസ്റ്റ്.

രാവിലെ പുഴക്കരയിലെ, കൃത്രിമമെങ്കിലും, മനോഹരമായ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ പ്രോഗ്രാമുകള്‍. കുട്ടികള്‍ റഫറിമാരായ ഡംബ് ഷറേഡ്സ് വനിതകള്‍ തിളങ്ങിയ പരിപാടിയായിരുന്നു. സിനിമാപ്പേരുകള്‍ കാണിക്കാന്‍ ചെയ്ത ചേഷ്ടകള്‍ മിക്കതും പൊട്ടിച്ചിരിക്കു വക നല്‍കുന്നവയായിരുന്നു. കൂടെത്താമസിക്കാന്‍ തുടങ്ങി പത്തുവര്‍ഷമായിട്ടും ഭര്‍ത്താവിനു പോലും മനസ്സിലാക്കാന്‍ പറ്റാത്ത ആംഗ്യങ്ങളൊക്കെ ഞൊടിയിട കൊണ്ടു പിടിച്ചെടുത്ത് വനിതകള്‍ മികവു കാട്ടിയത് ഷമീറിനെയൊക്കെ അദ്ഭുതപ്പെടുത്തി. ഗുല്‍മോഹര്‍ കാണിക്കാന്‍ രഘു പുല്‍ കാണിച്ചതും, വാനപ്രസ്ഥം കാണിക്കാന്‍ ബിനേഷ് വായ കാണിച്ചതുമെല്ലാം രസകരമായിരുന്നുവെങ്കിലും നാസറാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് അഭിനയമികവിന്റെ ആണ്‍ താരമായത്. മയിലാട്ടം അദ്ദേഹം വളരെ നിഷ്കളങ്കമായി, തന്മയത്വത്തോടെ കാണിക്കുന്നതിന്റെ ഫോട്ടോ ഇതിലുണ്ട്.

ഇടയില്‍ സലീമിന്റെ നേതൃത്വത്തില്‍ ഒരു പിറന്നാളാഘോഷവും കേയ്ക്ക് മുറിക്കലും നടന്നു.

അതുകഴിഞ്ഞ് നസറുദ്ധീന്റെ മൈന്റ് റീഡിങ്ങ് അലങ്കോലമായെങ്കിലും മകള്‍ അതവതരിപ്പിച്ചപ്പോള്‍ ശരിയായി വന്നു.

അതുകഴിഞ്ഞ് ദീപക് ഹര്‍ഷന്‍ അനുസ്മരണം.

സുഹൃത്തുക്കള്‍ക്ക് നീറുന്നൊരോര്‍മ്മയാവുമെങ്കിലും മരണമെന്നത് ആത്യന്തികമായി ഉറ്റവരെ മാത്രം അലോസരപ്പെടുത്തുന്ന ഒന്നാണ്. അവശേഷിക്കുന്ന ശൂന്യത നികത്തുവാന്‍ ഒന്നിനെക്കൊണ്ടുമാവില്ല താനും. ജീവിച്ചിരിക്കുമ്പോള്‍ നല്ല ഓര്‍മ്മകള്‍ക്കുള്ള വിത്തുകള്‍ പാവുകയെന്നതു മാത്രമാണ് നമുക്കൊക്കെ ചെയ്യാനാവുക.

ദീപക്കിന്റെ കുടുംബത്തെ ഓര്‍ക്കാനും കുട്ടികളെ സപ്പോര്‍ട്ടു ചെയ്യാനും എല്ലാവരും മുന്നിട്ടിറങ്ങണമെന്നു തീരുമാനമെടുക്കുകയുണ്ടായി.

അതുകഴിഞ്ഞ് കുടുംബങ്ങള്‍ പരിചയപ്പെടുത്തല്‍ നടത്തി‍. അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളമെന്ന യുഗ്മഗാനം ഞങ്ങള്‍ പാടിത്തുടങ്ങിയത് വഹാബും സദസ്സും ഏറ്റെടുത്ത് ഗംഭീരമാക്കി.

ഉപസംഹാരമായി വനിതള്‍ക്കു വേണ്ടി സംസാരിച്ച റസ്‌ല ഷറഫുദ്ദീന്‍ കുടുംബസംഗമങ്ങള്‍ എത്രത്തോളം സന്തോഷമാണുണ്ടാക്കുന്നതെന്നു ആര്‍ജ്ജവമായി അവതരിപ്പിച്ചു. ഇടപെഴുകുന്തോറും സൗഹൃദത്തിന്റെ ഇഴകള്‍ ഇറുകി ദൃഢമാവുമെന്നത് വിശ്വാസം മാത്രമല്ല, സത്യവുമാണെന്നതിന് പുലാമന്തോള്‍ സാക്ഷ്യം.

ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ കേരളീയ സദ്യ. കുത്തരിച്ചോറും നെയ്യും പരിപ്പും അവിയലും സാമ്പാറും ഉപ്പേരിയും പപ്പടവും പഴവും പ്രഥമനും പാല്‍‌പ്പായസവുമൊക്കെയായി ഗംഭീര വിരുന്ന്‌.

അടുത്ത മീറ്റിങ്ങ് ഉടന്‍ വേണമെന്നുള്ള നിര്‍ദ്ദേശത്തോടെ, എന്തുവന്നാലും അതില്‍ സകുടുംബം പങ്കെടുക്കുമെന്ന പ്രതിജ്ഞയുമായി എല്ലാവരും.

ഏമ്പക്കം കഴിഞ്ഞ് സദ്യയുടെ ആലസ്യത്തില്‍ ഒരു ഉച്ചമയക്കം.

വൈകിട്ടത്തെ ചായക്കു ശേഷം, ഓരോരുത്തരായി, കുറേ നല്ല ഓര്‍മ്മകളുമായി യാത്രയായി...ഓര്‍ഗനൈസര്‍മാരായ മുരളിയെയും വഹാബിനെയും നസറുദ്ദീനെയുമെല്ലാം കണ്ട് അഭിനന്ദിക്കാന്‍ മറക്കാതെ.



തറവാട്ടിലെ ചടങ്ങിനെത്തിയ ബന്ധുക്കള്‍ പിരിയുന്നത്ര ഊഷ്മളതയോടെ ഗൃഹാതുരത്വത്തിന്റെ ചെപ്പുകള്‍ നെഞ്ചിലേറ്റി എല്ലാവരേയും പോലെ ഞങ്ങളും.....

5 comments:

Dr. Sharafudheen.K.P said...

Athi Manoharam Eee Varnanam!!!

Unknown said...

yempeee..........
veeendum orma athijeeevicha poleeee.........
koottukare.........ithilum nannayeee orma pankitaaan kazhiyumennnnu enikku thonnnunniilaaaa....
photoyil enikkishtam nazarinte mayilaatttammm thannee
cheers
shameer

manu mohan k said...

excellent, even I feel I have attended the celebration.

KAMALA CLUB said...

ഹും, കൊള്ളാം പക്ഷേ...കമലക്ലബ്ബിനെക്കുറിച്ച് പരാമര്‍ശമൊന്നും കണ്ടില്ലാ....!
ബൈ പളനി ഓഫ് കറുത്തമ്മ.

yempee said...

നന്ദി കെപി.
താങ്ക്സ് ഷമീര്‍ , മനു.
നൂറിലേറെപ്പേര്‍ വായിച്ചതില്‍ കമന്റുകള്‍ വിരലിലെണ്ണാവുന്നവ; ലളിതമെന്നതുകൊണ്ട് എളുപ്പത്തില്‍ എഴുതിയതാണെന്നാണ് പൊതു വികാരമെന്നു മനസ്സിലാക്കുന്നു. അഭിപ്രായങ്ങളെക്കാളും എഴുതുമ്പോഴുള്ള ഹര്‍‌ഷമാണ് വീണ്ടും എഴുത്തിലേക്കു നയിക്കുന്നത് എന്നതു കൊണ്ടു തന്നെ വീണ്ടും ബ്ലോഗാം.