വഹാബ് അങ്ങനെ പറഞ്ഞപ്പോള്‍ വേറൊന്നും ആലോചിക്കാന്‍ നില്‍ക്കാതെ യാത്ര ഉറപ്പിക്കുകയായിരുന്നു.
തൃശ്ശൂരു നിന്നും ബിനേഷും രാകേഷ് ടീപിയും ഒന്നിച്ചു വരാമെന്നും, മനോജ് കെ.ടി ജീപി അറേഞ്ച് ചെയ്ത് മഞ്ചേരി വഴി എത്തിക്കൊള്ളാമെന്നും, അഞ്ചുമണിയടുപ്പിച്ച് ടൗണില്‍ സന്ധിക്കാമെന്നും തീരുമാനമാക്കി. കമല ക്ലബ്ബില്‍ ഞൊടിയിടയിലാണ് തീരുമാനങ്ങള്‍. ഘടികാരത്തിന്റെ സൂചിയോ, നെല്‍ക്കതിരുകളോ, ജൂണ്‍ മാസത്തിലെ മഴയോ, കായ പൊട്ടി പറന്നുയരുന്ന അപ്പൂപ്പന്‍ താടികളോ നിലതെറ്റാതെ മിടിക്കുന്ന ഹൃദയ പേശികളോ ഒന്നും തന്നെ ആരെയും കാത്തുനില്‍ക്കാറില്ലല്ലോ!
പി എച്ച് സിയില്‍, നോണ്‍ കമ്മ്യൂണിക്കബ്ള്‍ ഡിസീസ് ക്യാമ്പ്, ഒഴിവായതു കൊണ്ട് സുഷമ എന്റെ നാവിഗേറ്റര്‍ ആയി ഒപ്പം ചേര്‍ന്നു. ഗൗതം അച്ഛാച്ഛന്റെയും അച്ഛമ്മയുടെയും കൂടെ കളിച്ചുകൊള്ളാമെന്നു പറഞ്ഞതായി ഞങ്ങള്‍ കണക്കാക്കുകയും ചെയ്തു; അവന്‍ കുട്ടിയല്ലേ, തീരുമാനങ്ങളെടുക്കാനുള്ള കെല്‍പ്പൊന്നുമായിട്ടില്ലല്ലോ! ഏഴാം മാസമായതു കൊണ്ട് ഗര്‍ഭസ്ഥ ശിശുവിനെ കേള്‍പ്പിക്കാന്‍ കോഴിക്കോടെത്തുന്നതു വരെ ഞങ്ങള്‍ അന്താക്ഷരി കളിച്ചതുകാരണം സമയം പോയതറിഞ്ഞതേയില്ല. കഠോരമെങ്കിലും ഇക്കേള്‍ക്കുന്നത് സംഗീതമാണെന്നു കുട്ടി വിചാരിച്ചോട്ടെ, മാതാപിതാക്കളെ ആരാധിച്ചോട്ടെ !
ഞങ്ങള്‍ നേരത്തെയെത്തി, നാലുമണിയടുപ്പിച്ച്.
സഹയാത്രയ്ക്കുള്ള പ്രതിഫലമായി സഹധര്‍മ്മിണി ചുരിദാര്‍ മെറ്റീരിയല്‍ എന്ന ഉടമ്പടി വച്ചു. ശമ്പളം വാങ്ങിത്തുടങ്ങിയെങ്കിലും, കശ്മല, രണ്ടെണ്ണത്തില്‍ ഒതുക്കിയത് ഉപകാരമായി. അല്ലെങ്കില്‍ ഇന്നോവയുടെ ചാവി പണയം വെച്ച് ബസ്സുകേറി പോരേണ്ടി വന്നേനെ! ഹൊ, നോര്‍ത്തിന്ത്യക്കാര്‍ പശുവിനെ വളര്‍ത്തുന്നത് വെറുതെയല്ല!
ചൂടൊന്നു കുറയ്ക്കാന്‍ ജ്യൂസിന് ഓര്‍ഡര്‍ കൊടുത്തപ്പോഴേയ്ക്കും കെ.ടി.യെത്തി, തൊട്ടു പിന്നാലെ തൃശൂര്‍ ഗഡികളും. ഇടുങ്ങിയ റോഡില്‍ ഓരം ചേര്‍ത്ത് ഞാന്‍ കാര്‍ നിര്‍ത്തി. സുഷമ പാട്ടുകേട്ടോളാം, കുറേ ഫോണ്‍ വിളിക്കാനുണ്ടെന്നൊക്കെപ്പറഞ്ഞ് കാറില്‍ത്തന്നെയിരുന്നു. അതിനുള്ള ശിക്ഷ അവള്‍ തന്നെയും , സുഹൃത്തുക്കള്‍ വഴിയും എനിക്ക് വേറെക്കിട്ടിയെന്നത് പിന്നത്തെക്കാര്യം. കാര്‍ തിരിക്കാന്‍ പോയ ടീപി, പാര്‍ക്കുചെയ്യാന്‍ സ്ഥലം കിട്ടിയില്ലെന്നു പരിഭവം പറഞ്ഞ് ഒരു കിലോമീറ്ററോളം ചെന്ന് ഒടുവില്‍ ഓട്ടോ പിടിച്ചാണ് വന്നത്, അത്രയ്ക്കുണ്ട് ഡ്രൈവിങ് സ്കില്‍സ്!
നസറുദ്ധീന്റെ ക്വാര്‍ട്ടേഴ്സ് അടുത്തുതന്നെയായിരുന്നു. വിശേഷങ്ങള്‍ പറഞ്ഞും വേദനയുടെ സംഹാരതാണ്ഡവത്തെക്കുറിച്ചു വിഷമിച്ചും റിയല്‍ എസ്റ്റേറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ ഇന്‍സ്പെക്ഷന്‍, അച്യുതാനന്ദന്‍ തുടങ്ങിയ അന്താരാഷ്ട്ര കാര്യങ്ങള്‍ ചര്‍ച്ചചെയ്തും ഞങ്ങള്‍ കുറേ നേരമിരുന്നു. സംസാരിച്ചിരിക്കുന്നത് വേദനയ്ക്കു വിടുതിയാവുന്നുവെന്നത് സൗഹൃദത്തിന്റെ ഊഷ്മളത.
ഷമീറലി തിരക്കിലായിരുന്നുവെങ്കിലും സന്ധ്യയായപ്പോഴേയ്ക്കും ഷറഫുദ്ധീന്‍ എത്തി. പെരിന്തല്‍മണ്ണയിലെ മീറ്റിങ്ങുകളിലെ സ്ഥിരം അധ്യക്ഷസ്ഥാനത്തിനിടയ്ക്ക് രക്ഷപ്പെട്ട് ഓടിവന്നതാണ് കക്ഷി. എല്ലാവരും ചായ കുടിച്ചുവെന്ന് ഉറപ്പു വരുത്തിയ ശേഷം അദ്ദേഹം ഞങ്ങളെ വീട്ടിലേക്കു ക്ഷണിച്ചു. ഹോജയോട് 'മീണ്ടും സന്ധിക്കും വരൈക്കും വണക്കം' ശൊല്ലി അത്രേടം വന്നതല്ലേ, കുഞ്ഞിവാവയെയും റസ്‌ലയെയും കാണുകയുമാവാം എന്നു കരുതി എല്ലാവരും സമ്മതിച്ചു.
ഒരു യാത്ര കഴിഞ്ഞ് തിരിച്ചുപോരുമ്പോള്‍ സുഷമ കൊടുത്തയച്ച വയനാടന്‍ കുരുമുളകിന്റെയും ഏലത്തിന്റെയും സുഗന്ധങ്ങള്‍ ഓര്‍ത്തെടുത്ത് ഷറഫുവിന്റെ വീട്ടുകാര്‍. തിരക്കിട്ട് വീണ്ടും ചായകുടിച്ച് തിരിച്ചിറങ്ങുന്ന വഴിക്കാണ് ഗെറ്റ് റ്റുഗദര്‍ അടിയന്തിരമായി നടത്തേണ്ടുന്നതിന്റെ ആവശ്യകത ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.
എല്ലാവരുടെയും സൗകര്യത്തിനു കാത്തു നില്‍ക്കാതെ ഒരു തീയ്യതി നിശ്ചയിച്ച് ആളുകളെ മൊബിലൈസ് ചെയ്യുന്നതായിരിക്കും നല്ലതെന്ന് എല്ലാവരും.
എന്നാല്‍പ്പിന്നെ നിലമ്പൂരേക്കങ്ങു പോരേയെന്നു മനോജ്; റഫീഖിനെയും രഞ്ജിഷിനെയും കൂട്ടി കാര്യങ്ങള്‍ ഏര്‍പ്പെടുത്താമെന്നു ഉറപ്പും.
ഹോജയുടെ യാത്രക്കാര്യത്തില്‍ ഷറഫുവിനു സംശയമുണ്ടായിരുന്നു.
ശരി, എല്ലാവരോടും കൂടിയാലോചിച്ച് വിളിക്കൂ എന്ന തീരുമാനത്തില്‍ നാലുപേരും നാലു വഴിക്ക്.
ശേഷം സ്ക്രീനില്‍!
4 comments:
very good to read
nice read!
190 hits since the last post, thanks to all!
www.adsgod.com
Post a Comment